09 May 2024 Thursday

പെൺകുട്ടിയോട് ഒരു വർഷത്തോളം പ്രണയം നടിച്ചു പീഡിപ്പിച്ചു 14 വയസ്സുകാരിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ

ckmnews

പെൺകുട്ടിയോട് ഒരു വർഷത്തോളം പ്രണയം നടിച്ചു പീഡിപ്പിച്ചു

14 വയസ്സുകാരിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ


മംഗലംഡാം  ∙ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പതിനാലു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടു യുവാവിനെ മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുംകുറ അഫ്സൽ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. പ്രതിയെ ചെന്നൈ ചോളിയിലെ ഒളിസങ്കേതത്തിൽ നിന്നാണു തിങ്കളാഴ്ച രാത്രി അന്വേഷണസംഘം പിടികൂടിയത്.


പെൺകുട്ടിയുമായി ഒരു വർഷത്തോളമായി പ്രണയം നടിച്ച പ്രതി പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നു വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി പറഞ്ഞു.



ആലത്തൂർ ഡിവൈഎസ്പി ആർ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും മംഗലംഡാം എസ്ഐ ജെ.ജെമേഷ്, എഎസ്ഐ അനന്തകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സസീമ തുടങ്ങിയവരുടെ സംഘവുമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. സാഹചര്യത്തെളിവുകൾ ഉണ്ടായിട്ടും പെൺകുട്ടിയുടെ മരണം മംഗലംഡാം പൊലീസ് ആത്മഹത്യയെന്ന രീതിയിൽ കൈകാര്യം ചെയ്തതായി ആരോപിച്ചു ബന്ധുക്കൾ എസ്പിക്കു പരാതി കൊടുത്തിരുന്നു.


പ്രതിയെക്കുറിച്ചുള്ള വിവരങ്ങളടക്കം വ്യക്തമായി സൂചന കൊടുത്തതാണെന്നും പ്രതി മകൾക്കു വാങ്ങിക്കൊടുത്ത ഫോണും ഡയറിയും പൊലീസിനെ ഏൽപിച്ചതാണെന്നും രക്ഷിതാക്കൾ പറഞ്ഞു. മംഗലംഡാം പൊലീസ് സ്റ്റേഷനിലേക്കു പ്രതിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിക്കു കടന്നുകളയാൻ വഴിയൊരുക്കിയതാണെന്നും  ബന്ധുക്കൾ ആരോപിച്ചിരുന്നു.