09 May 2024 Thursday

കാരംസ് കളിക്കിടെ തര്‍ക്കം പ്രതികാരം തീർക്കാൻ ക്വട്ടേഷന്‍ നല്‍കി 15കാരന്‍ അഞ്ച് പേർക്ക് പരിക്ക്:ഒരാളുടെ നില ഗുരുതരം

ckmnews

കാരംസ് കളിക്കിടെ തര്‍ക്കം പ്രതികാരം തീർക്കാൻ ക്വട്ടേഷന്‍ നല്‍കി 15കാരന്‍


അഞ്ച് പേർക്ക് പരിക്ക്:ഒരാളുടെ നില ഗുരുതരം


തിരുവനന്തപുരം:മംഗലപുരത്ത് കാരംസ് കളിക്കിടയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ പതിനഞ്ചുകാരന്‍ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ഗുണ്ടാ ആക്രമണം. പരുക്കേറ്റ അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരം. ക്വട്ടേഷന് ശേഷം മടങ്ങവേ പ്രതികള്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം കവരുകയും ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരന്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


മംഗലപുരം വെള്ളൂരില്‍ ശനിയാഴ്ച രാത്രിയാണ് ഗൂണ്ടാ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റത്. രണ്ടു ദിവസം മുൻപ് കാരംസ് കളിക്കിടെ നടന്ന തര്‍ക്കമായിരുന്നു കാരണമെന്ന് പൊലീസ് പറയുന്നു. വാക്കേറ്റമുണ്ടാക്കിയവര്‍ക്കെതിരെ പതിനഞ്ചുകാരന്‍ പരിചയക്കാരായ ഗൂണ്ടകള്‍ക്ക് ക്വട്ടേഷന്‍ നൽകുകയായിരുന്നു. വെള്ളൂര്‍ പള്ളിയില്‍നിന്നു നോമ്പുതുറ കഴിഞ്ഞ് മടങ്ങിയവരെ ക്വട്ടേഷന്‍റെ അടിസ്ഥാനത്തില്‍ ഗൂണ്ടകള്‍ ആക്രമിച്ചു.



വെള്ളൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവര്‍ക്കു പരുക്കേറ്റു. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. നാലുപേരടങ്ങുന്ന ഗൂണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിനുശേഷം ടെക്നോസിറ്റി വളപ്പില്‍ ഒളിച്ച മംഗലപുരം സ്വദേശികളായ ഷെഹിന്‍, അഷ്റഫ് എന്നിവരെയും ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരനെയും മംഗലപുരം പൊലീസ് ഞായറാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു.


കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഷെഹിനും അഷ്റഫും. പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വെള്ളൂരില്‍ ആക്രമണം നടത്തി മടങ്ങിയ പ്രതികള്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ പനവൂര്‍ സ്വദേശി സിദ്ദീഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.