09 May 2024 Thursday

കർഷകരോട് അനുഭാവമുള്ള സർക്കാരാണ് കേന്ദ്രത്തിൽ’; താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ച് കെ.സുരേന്ദ്രൻ

ckmnews

കർഷകരോട് അനുഭാവമുള്ള സർക്കാരാണ് കേന്ദ്രത്തിൽ’; താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ച് കെ.സുരേന്ദ്രൻ


കോഴിക്കോട്∙ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനായിയിലിനെ സന്ദർശിച്ച് ആശംസ നേർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കർഷക താൽപര്യം ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെങ്കിൽ കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ വ്യത്യാസം കർഷകർക്കറിയാം. സഭകൾക്കും അതറിയാം. വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.


കൊമ്പന്മാരെ പ്രതീക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയല്ല ബിജെപിയെന്ന് കെ.സുധാകരന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. സുധാകരൻ താൻ  സ്വയം അരിക്കൊമ്പനാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. നിലപാടുകളാണ് പ്രശ്നം. ശക്തമായ നിലപാടുള്ളവർക്ക് ബിജെപിയിലേക്ക് വരാം. കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എ.കെ.ആന്റണിയുടെ പുത്രനു പോലും കോൺഗ്രസ് എന്നു പറയുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കെ.സുധാകരൻ ഞങ്ങളോട് കയർത്തിട്ടെന്താണ് കാര്യം. കോൺഗ്രസും രാഹുൽ ഗാന്ധിയും കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ  സമ്പൂർണ തകർച്ച ‌അനിവാര്യമായി. കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാവും. അത് മറ്റാരെക്കാളും സുധാകരനറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. 



ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, മേഖലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല, മണ്ഡലം ജനറൽ സെക്രട്ടറി വത്സൻ മേടോത്ത്,ഏരിയാ പ്രസിഡന്റ് എ.കെ. ബബീഷ് എന്നിവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. ബിഷപ്പിനോടൊപ്പം രൂപതാ ചാൻസല‍ർ ഫാ.ബെന്നി മുണ്ടനാട്ടും കെ.സുരേന്ദ്രനെ സ്വീകരിച്ചു.


എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ എൻഐഎ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ലെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഒരു പ്രതി മാത്രം ഉൾപ്പെട്ട കേസല്ല. ഇതിനു പിന്നിൽ വലിയ ശക്തികളുണ്ട്. ഈ കേസിൽ കേരള പൊലീസിന് മൃദു സമീപനമുണ്ടെങ്കിൽ ആ വെള്ളം വാങ്ങി വച്ചാൽ മതി. ദേശസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താലും കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.