09 May 2024 Thursday

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും; കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും: സുരേന്ദ്രൻ

ckmnews

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും; കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും: സുരേന്ദ്രൻ


ന്യൂഡല്‍ഹി ∙ കേരളത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ ബിജെപിയിലേക്കു വരുമെന്നും സർക്കാർ രൂപീകരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. 


‘‘പ്രതിപക്ഷത്തുനിന്ന് ബിജെപിയിലേക്ക് എത്തുന്ന പ്രധാന നേതാക്കളില്‍ ഒരാള്‍ മാത്രമാണ് അനില്‍ ആന്റണി. പ്രതിപക്ഷ ക്യാംപില്‍നിന്നു വിദ്യാസമ്പന്നരായ പല നേതാക്കളും ബിജെപിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പല നേതാക്കളെയും ഞങ്ങള്‍ സമീപിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുവിഹിതം ഇക്കുറി നേടാനാകുമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം പൂര്‍ണവിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്.



‘ഹാപ്പി ഈസ്റ്റര്‍ ഘര്‍ഘര്‍ ചലോ’ പോലെ നിരവധി പ്രചാരണ പരിപാടികളാണ് കേരളത്തില്‍ ബിജെപി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 9ന് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. മോദിയുടെ വികസന അജൻഡയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ അതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനം മോദിയുടെ വികസന അജൻഡയെ അംഗീകരിക്കുന്നുണ്ട്. യുവാക്കള്‍ക്കു മാതൃകയാണു മോദി. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകും’’– സുരേന്ദ്രന്‍ വ്യക്തമാക്കി.