08 May 2024 Wednesday

മലപ്പുറത്ത് 14 കാരന്‍ ഇരുചക്രവാഹനം ഓടിച്ചു; പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും ശിക്ഷ

ckmnews


മലപ്പുറം: പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ . കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീറി (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25,000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോള്‍ വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപ പിഴയാണ് ശിക്ഷ ലഭിച്ചത്.


ഇരുവർക്കും വൈകിട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി. കോടതിയില്‍ പിഴയൊടുക്കി, അഞ്ച് മണിവരെ തടവ് ശിക്ഷയും അനുഭവിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

2022 സെപ്തംബര്‍ ഒന്നിന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു.

വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമയ്ക്കും എതിരെ 1988 ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.