09 May 2024 Thursday

കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

ckmnews


കൊച്ചി: എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ മലപ്പുറത്ത് യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ പാലത്തിങ്കൽ വീട്ടിൽ ഷഫീറിനെ (20) യാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിളളി നഗർ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.


മോഷണത്തിനു എത്തിയവർ ക്യാബിനുളളിൽ കടന്ന രണ്ടുപേർ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് എ ടി എം തകർക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ മുബൈയിലുളള കൺട്രോൾ റൂമിൽ കവർച്ചയുടെ മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് ഇവർ കേരള പോലീസിന് വിവരം കൈമാറി. ഇതറിഞ്ഞ സംഭവ സ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും പ്രതികൾ കടന്ന് കളയുകയായിരുന്നു. കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു. തുടർന്ന് എറണാകുളം അസിസ്റ്റന്‍റ് കമ്മീഷ്ണർ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പ്രതികൾ സംഭവ സമയം തൊപ്പി ധരിച്ചിരുന്നതിനാൽ കൗണ്ടറിനുള്ളിലെ സി സി ടി വി ക്യാമറകളിൽ മുഖം കൃത്യമായി കാണാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് സമീപ പ്രദേശത്തുളള സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിക്കുകയായിരുന്നു. പ്രതികൾ മുൻപ് ഇതേ എ ടി എം കൗണ്ടർ ഉപയോഗിച്ചതാണ് പോലീസിന് പിടിവള്ളിയായത്. ഇവർ ഉപയോഗിച്ചിരുന്ന കാർഡിന്റെ വിവരങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയുകയായിരുന്നു പോലീസ്.


മൊബൈൽ ലൊക്കേഷനും മറ്റും നിരീക്ഷിച്ച് ഷഫീർ കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിച്ച എറണാകുളം ടൗൺ സൗത്ത് പോലീസ് എസ് ഐ ദിനേഷ് ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ മലപ്പുറം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വാഹന മോഷണ കേസ് നിലവിലുണ്ട്. സി സി ടി വി ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞിട്ടുളള ഷഫീർ, ആ അറിവ് വച്ചാണ് സുരക്ഷാ അലാറം ഓഫ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.