09 May 2024 Thursday

ജയില്‍ ചാടിയ കേസില്‍ കോടതിയിലെത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് ചാടി; ഓടിച്ചിട്ട് വീണ്ടും അറസ്റ്റ്

ckmnews



ആലപ്പുഴ കായംകുളത്തു ജയില്‍ ചാടിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി വീണ്ടും ജയില്‍ ചാടി. പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ ഒടുവില്‍ ഓടിച്ചിട്ട് പിടിച്ചു. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല നെടുമ്പ്രം നടുവേലിമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസ് ആണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചത്

രണ്ടുമാസം മുന്‍പ് റിമാന്‍ഡില്‍ കഴിയവേ മാവേലിക്കര സബ്ജയിലില്‍ നിന്ന് ഇയാള്‍ ചാടി രക്ഷപ്പെട്ടതിന്റെ കേസുമായി ബന്ധപ്പെട്ടാണ് മാവേലിക്കര കോടതിയില്‍ ഹാജരാക്കിയത്. മാവേലിക്കര സബ്ജിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് വിഷ്ണുവിനെ പാര്‍പ്പിച്ചിരുന്നത്. ഇന്നലെ മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി വിഷ്ണുവുമായി പോലീസുകാര്‍ കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി. ഇതിനിടെ ഷിജു മുറിയില്‍ പോകണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. വിലങ്ങഴിച്ചു മാറ്റിയ ഉടന്‍ വിഷ്ണു ബസ് സ്റ്റാന്‍ഡിനു പിന്നിലൂടെ ഓടി. പിന്നാലെ ഓടി പ്രതിയെ പിടികൂടുന്നതിനിടെ എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ അനന്തുവിന് പരിക്കേറ്റു. കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കായംകുളം പോലീസും കേസെടുത്തു.

മാവേലിക്കര സബ് ജയിലില്‍ നിന്ന് രണ്ടുമാസം മുമ്പ് ചാടിപ്പോയ വിഷ്ണുവിനെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ബൈക്കില്‍ എത്തി പെണ്‍കുട്ടിയെ ആക്രമിച്ചതിന് പുളിക്കീഴ് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞത്.