09 May 2024 Thursday

‘തെറ്റ് ചെയ്തില്ല; മുഖത്തടിച്ചു, ലാത്തികൊണ്ട് മർദിച്ചു, ഛർദിച്ചു’: പൊലീസിനെതിരെ യുവാവ്

ckmnews

‘തെറ്റ് ചെയ്തില്ല; മുഖത്തടിച്ചു, ലാത്തികൊണ്ട് മർദിച്ചു, ഛർദിച്ചു’: പൊലീസിനെതിരെ യുവാവ്


കൊച്ചി:എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദിച്ചെന്ന ആരോപണവുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷ് ആണ് ആരോപണമുന്നയിച്ചത്. നോർത്ത് പാലത്തിനു താഴെ നിൽക്കുമ്പോൾ എസ്എച്ച്ഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തികൊണ്ട് കാലിൽ അടിച്ചെന്നും റിനീഷ് പറഞ്ഞു.

‘‘ഇന്നലെ ഉച്ചയോടെയാണ് സംഭവം. നോർത്ത് പാലത്തിനു താഴെ ഇരിക്കുകയായിരുന്നു. എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തികൊണ്ട് അടിച്ചു. വെറുതെ എന്നെ അടിക്കല്ലേ എന്നു പറഞ്ഞപ്പോൾ മുഖത്തടിച്ചു. നാലുതവണ അടിച്ചു. ലഹരിയൊന്നും ഉപയോഗിക്കാത്ത എനിക്ക് ഇതാണ് അവസ്ഥയെന്ന് പറഞ്ഞു. വേദനകൊണ്ട് അവിടെ കിടന്ന് കരഞ്ഞു. 



തെറ്റ് ചെയ്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സാധാരണക്കാരണെങ്കിൽ ഇങ്ങനെ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്. ശേഷം പൊലീസ് സ്റ്റേഷനിൽ െകാണ്ടുപോയി. അവിടെ വച്ച് ഛർദിച്ചു. തല മരവിച്ചു. തലകറക്കം ഉണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. വൈകിട്ട് അഞ്ചുമണി ആയപ്പോഴാണ് തിരികെ വിട്ടത്. എന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, കേസൊന്നും എടുത്തിട്ടില്ലെന്നും നിന്നെ വെറുതെ നോക്കാൻ വേണ്ടി ഇരുത്തിയതാണെന്നും പറഞ്ഞു’’– റിനീഷ് വിശദീകരിച്ചു. 


കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ടാണു സ്ഥലത്ത് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. അവിടെ ഉണ്ടായിരുന്നവരിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. ഫോണോ മറ്റു വിവരങ്ങളോ കൈമാറാൻ തയാറാകാത്തതിനെ തുടര്‍ന്നാണ് റിനീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പൊലീസ് നടപടിയെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിമർശിച്ചു. എന്തു നീതികേടാണ് നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് ഉമാ തോമസ് എംഎൽഎ പറഞ്ഞു.