27 April 2024 Saturday

കരിപ്പൂരിൽ നിന്ന് രണ്ട് കോടിയുടെ സ്വർണം പിടികൂടി, കടത്തിയത് ശരീരത്തിനുള്ളിലും സോക്സിലുമായി

ckmnews



മലപ്പുറം : കരിപ്പൂരിൽ നാല് പേരിൽ നിന്നായി രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്നര കിലോഗ്രാമോളം സ്വർണം കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും ഹാൻഡ് ബാഗേജിനുള്ളിലും സോക്സിനുള്ളിലുമായിട്ടാണ് ഇവർ സ്വർണം ഒളിപ്പിച്ച് കടത്തിയത്. ജിദ്ദയിൽ നിന്ന് വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്മാനിൽ (43) നിന്ന് 1107 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സുളുകളും മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസിൽ (30) നിന്ന് സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സുലുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.

കൂടാതെ എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചൽ മേത്തൽ വിജിത്തിൽ (29) നിന്ന് ശരീരത്തിനുള്ളിലും സോക്സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1061 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സുളുകളുമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്നാലാമത്തെ കേസിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് വന്ന മലപ്പുറം ഒഴുകൂർ സ്വദേശിയായ ഒസ്സാൻകുന്നത്ത് ഷഫീഖിൽ (27) നിന്ന് ഹാൻഡ് ബാഗേജിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 901 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ ദീർഘ ചതുരാകൃതിയിലുള്ള രണ്ടു പാക്കറ്റുകളുമാണ് കണ്ടെടുത്തത്. ഇങ്ങനെ നാലു കേസുകളിലുമായി 4122 ഗ്രാം സ്വർണ്ണമിശ്രിതമാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.പിടികൂടിയ ഈ സ്വർണ്ണമിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കും. ഈ നാലു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റoസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ റഫീഖ് ഹസൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ കെ കെ, പ്രകാശ് ഉണ്ണികൃഷ്ണൻ, മനോജ്‌ എം, അഭിലാഷ് സി, വീണ ധർമരാജ്, മുരളി പി, ഫിലിപ്പ് ജോസഫ്, സ്വപ്ന വി എം., ഇൻസ്‌പെക്ടർമാരായ കില്ലി സന്ദീപ്, നവീൻ കുമാർ, ഇ രവികുമാർ, ഹർഷിത് തിവാരി, അർജുൻ കൃഷ്ണ, ശിവകുമാർ വി കെ, ആർ എസ് സുധ, ദുഷ്യന്ത് കുമാർ, അക്ഷയ് സിങ് ഹെഡ് ഹവാൽദാർമാരായ കെ സെൽവം, എലിസബത്ത് ഷീബ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.