09 May 2024 Thursday

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ckmnews



ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ യുവതിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.

സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ ഹര്‍ഷിന ഇന്നലെ രം​ഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞിരുന്നു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു നേരത്തെ മന്ത്രി നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് ഹര്‍ഷിന വീണ്ടും സമരം തുടങ്ങുമെന്ന് അറിയിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാവണം അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.


കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി സമരമിരുന്ന ഹര്‍ഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടാവാത്തതാണ് ഹർഷിനയെ പ്രകോപിപ്പിച്ചത്.