09 May 2024 Thursday

സ്ത്രീവിരുദ്ധ പരാമർശം; കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

ckmnews


തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.


തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 'സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു സുരേന്ദ്രന്‍റെ വാക്കുകള്‍

സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് സുധാകരൻ അഭിപ്രായപ്പെട്ടു. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം, സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു