09 May 2024 Thursday

കിരീടമില്ലെങ്കിലും മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി ബ്ലാസ്റ്റേഴ്സും കൊച്ചി സ്റ്റേഡിയവും; സൂപ്പർ കപ്പിന് വേദിയാകാത്തതിൽ ആരാധക പ്രതിഷേധം

ckmnews


ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ പിച്ചിനുള്ള അവാർഡ് നേടി കേരള ബ്ലാസ്റ്ററിന്റെ ഹോം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഐഎസ്എൽ ചരിത്രത്തിലെ മികച്ച കളിക്കളത്തിനുള്ള അവാർഡ് രണ്ടാം തവണയാണ് കൊച്ചി സ്റ്റേഡിയം നേടുന്നത്

കഴിഞ്ഞ രണ്ട് സീസണുകൾ കൊവിഡ് മൂലം ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടത്തിയത്. ആരധകരുടെ ആരവങ്ങളും ഹോം അഡ്വാൻറ്റേജും ഇല്ലാത്ത വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ പൂർവസ്ഥിതിയിലായ സീസണിൽ ഏറ്റവും മികച്ച പിച്ചിനുള്ള അവാർഡ് കേരള ബ്ലാസ്റ്റേഴ്സിനെയും കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തെയും തേടിയെത്തിയതിൽ ആരാധകർ ആവേശത്തിലാണ്.


എന്നാൽ, കൊച്ചി സ്റ്റേഡിയത്തിന് മികച്ച പിച്ചിനുള്ള അവാർഡ് ലഭിച്ചതിന്റെ മറ്റൊരു വശം പരിശോധിക്കുമ്പോൾ പ്രതിരോധത്തിലാകുന്നത് കേരള ഫുട്ബോൾ അസോസിയേഷനും സൂപ്പർ കപ്പിന്റെ സംഘടകരുമാണ്. കേരളം ഈ സീസണിൽ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ, കൊച്ചി സ്റ്റേഡിയം ഒഴിവാക്കികൊണ്ടാണ് ഇത്തവണ സൂപ്പർ കപ്പ് നടക്കുന്നത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയവുമാണ് സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ശോചനാവസ്ഥയെ പറ്റി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സ്റ്റേഡിയത്തിൽ കളിക്കാൻ താരങ്ങളെ എങ്ങനെ മോട്ടിവേറ്റ് ചെയ്യാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

2018 – 19 സീസണിലും ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച കളിക്കളത്തിനുള്ള അവാർഡ് കൊച്ചി സ്റ്റേഡിയം നേടിയിരുന്നു. അതിന് മുൻപ് 2017-18 സീസണിൽ ഡൽഹി ഡയനാമോസും അവാർഡ് നേടിയിരുന്നു.