09 May 2024 Thursday

ബ്രഹ്മപുരം തീപിടിത്തം: ഞായറാഴ്ച കഴിവതും വീടുകളിൽ തന്നെ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടർ

ckmnews

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. എന്നാൽ,

പുക നിയന്ത്രണവിധേയമാക്കുവാൻ കഴിയാത്തതിനാൽ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിയുന്നതും വീടുകളിൽ തന്നെ കഴിയണം. കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടർ അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണിത്. 


സമീപവാസികൾക്കോ തീയണയ്ക്കുന്ന ജീവനക്കാർക്കോ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സ തേടുന്നതിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ജനറൽ ആശുപത്രി ഉൾപ്പടെയുള്ളവയും സജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കൂടാതെ ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്‌കും ആരംഭിക്കും. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്നും കളക്ടർ അറിയിച്ചു.


ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. അഗ്‌നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.