26 April 2024 Friday

പാലക്കാട് കനത്തമഴ; കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി

ckmnews

FILE PHOTO


പാലക്കാട്: കനത്ത മഴ തുടരവേ പാലക്കാട്ട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. കാടാമ്പുഴ സ്വദേശികളായ  ഇര്‍ഫാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. മണ്ണാര്‍ക്കാട് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലായിരിക്കും അടുത്ത ദിവസങ്ങളിൽ മഴ ശക്തമാക്കുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തമാക്കുകയാണ്.സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർ‍ദ്ദത്തിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടൽക്ഷോഭം തുടരുകയാണ്. 


60 കിലോമീറ്റർ വരെ ദൂരത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.