09 May 2024 Thursday

പടക്കനിർമാണശാലയ്ക്ക് ലൈസൻസ് ഇല്ലെന്ന് കലക്ടർ; പ്രവർത്തിച്ചത് ജനവാസ കേന്ദ്രത്തിൽ

ckmnews

പടക്കനിർമാണശാലയ്ക്ക് ലൈസൻസ് ഇല്ലെന്ന് കലക്ടർ; പ്രവർത്തിച്ചത് ജനവാസ കേന്ദ്രത്തിൽ


കൊച്ചി:വരാപ്പുഴ മുട്ടിനകത്ത് സ്ഫോടനത്തിൽ തകർന്ന പടക്കനിർമാണശാല പ്രവർത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടർ രേണുരാജ്.പടക്കം നിർമിക്കാനും സൂക്ഷിക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് കരുതുന്നു.തഹസിൽദാറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോർട്ട് തേടി. വിശദമായി അന്വേഷിക്കുമെന്നും കലക്ടർ അറിയിച്ചു.


ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് വൻ സ്ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുൾപ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു.പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്.



പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.പടക്കങ്ങള്‍ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികളുണ്ടാകുന്നുണ്ട്. എസ്തർ (7), എൽസ (5), ഇസബെൽ (8), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30) എന്നിവർക്കാണു സ്ഫോടനത്തിൽ പരുക്കേറ്റത്. ഇവരിൽ 2 കുട്ടികളുൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 15 വീടുകള്‍ക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.