26 April 2024 Friday

കോവിഡ്: NEET പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ckmnews

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നത് മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 

സെപ്റ്റംബര്‍ 13ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ ചുരുങ്ങിയത് മൂന്ന് ആഴ്ചത്തേക്കെങ്കിലും നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ തന്നെ നീറ്റ് ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി. ഇതിനുശേഷം ജെഇഇ പരീക്ഷകള്‍ രാജ്യത്ത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ നീറ്റ് പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോടതി ഇടപെടില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. 

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പുതിയ ആവശ്യങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ വെച്ചു. കണ്ടെയ്‌മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ചില ഗതാഗത തടസവും മറ്റും ഉണ്ടാകും. അതിനാല്‍ അഡ്മിറ്റ് കാര്‍ഡിനെ കര്‍ഫ്യൂ പാസായി കണക്കാക്കണമെന്നായിരുന്നു ആവശ്യം. നിലവില്‍ കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ മറ്റൊരു അവസരം കൂടി നല്‍കണമെന്നും വിദ്യാര്‍ത്ഥികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. വേണ്ട സജ്ജീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടക്കുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.