26 April 2024 Friday

പൂരപ്പറമ്പിലേക്ക് റോബോട്ട് ആനയുടെ അരങ്ങേറ്റം: ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ രാമൻ

ckmnews

തൃശ്ശൂർ: ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റി.  കേരളത്തിൽ  ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. 


മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ  മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി. 


ആദ്യമായാണ് വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ ഒരു ക്ഷേത്രത്തിൽ നടയ്ക്കിരുത്തി തിടമ്പ് നൽകുന്നത്. ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ്  നിർമ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാൻ സാധിക്കും.