09 May 2024 Thursday

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

ckmnews

കൊച്ചി: ശിവരാത്രിദിനത്തിൽ അവിശ്വാസികൾക്കെതിരെ നടത്തിയ പരാമർശത്തിലെ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പൊലീസില്‍ പരാതി നല്‍കിയത്. ജനങ്ങൾക്കിടയിൽ വിദ്വേഷം പടര്‍ത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.


ആലുവയിൽ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആയിരുന്നു നടൻ സുരേഷ് ഗോപി വിവാദ പരാമർശം നടത്തിയത്. അവിശ്വാസികളുടെ സർവനാശത്തിനായി ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ശിവരാത്രി ആഘോഷപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുമെന്നുമാണ് സുരേഷ് ഗോപി പ്രസംഗിച്ചത്.


സുരേഷ് ഗോപിയുടെ പ്രസംഗത്തിന്‍റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ സ്നേഹിക്കുന്നുണ്ട്. അത് എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അതേ സമയം അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് സുരേഷ് ഗോപിയുടെ വാക്കുകൾ സദസ് ഏറ്റുവാങ്ങുന്നത്.


‘വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി നിന്ന് പ്രാർഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ളത് പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല.’- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തന്‍റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചത്.