09 May 2024 Thursday

ഒഎല്‍എക്സ് വഴി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍; പണം സ്വീകരിച്ചത് ഓണ്‍ലൈനിലൂടെ

ckmnews

തിരുവനന്തപുരം: വീട് ലീസിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞിരംപാറ ശാസ്തമംഗലം രാമനിലയം വീട്ടിൽ ശ്രീകുമാരൻ തമ്പി (58) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഗോപകുമാർ പേരൂർക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉണ്ടായത്. അന്വേഷണം നടന്നുവരുന്നതിനിടെ ഏകദേശം 5 പേർ സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ സംഭവത്തിലെല്ലാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ഒഎൽഎക്സ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. ഒഎൽഎക്സിലെ പരസ്യം കണ്ട് വിളിക്കുന്നവരെ പ്രലോഭിച്ച് വീട് ഒറ്റിക്ക് നൽകാമെന്ന് പറഞ്ഞ് എഗ്രിമെൻറ് എഴുതി വാങ്ങുകയും എന്നാൽ അത് രജിസ്റ്റർ ചെയ്യാതെ കയ്യിൽ കൊണ്ട് നടക്കുകയും ആണ് പ്രതി ചെയ്തു വന്നിരുന്നത്. അതേസമയം വീട് ഒറ്റിക്ക് നൽകുന്നതിന് വേണ്ടി തുക ഇവരിൽനിന്ന് കൈപ്പറ്റുകയും ചെയ്യും. ഓൺലൈൻ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. പണം നഷ്ടപ്പെട്ടവർ സ്റ്റേഷനിൽ പരാതിയുമായി എത്തുമ്പോൾ തുകയുടെ പകുതിയോളം ഭാഗം ഇയാൾ തിരികെ നൽകുകയും ബാക്കി തവണകളായി നൽകാമെന്ന് പറയുകയും ചെയ്താണ് കേസ് ഒഴിവാക്കിക്കൊണ്ടിരുന്നത്.


വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിച്ചു വന്ന സ്ഥലത്തുനിന്ന് നിരവധി രേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളെ പറ്റി അന്വേഷണം നടത്തിവരികയാണ് കൂടുതൽ പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു. 


റെയിൽവേയിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് അറിയാൻ സാധിച്ചത്. കൂടുതൽ പേർ പരാതിയുമായി എത്തിയാൽ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി പുറത്താകു. മാന്യമായ വസ്ത്രം ധരിച്ച് നടക്കുന്ന ഇയാൾ ആരെയും തന്റെ സംസാരത്തിലൂടെ പാട്ടിലാക്കും. ഒന്നിൽ കൂടുതൽ മൊബൈലുകൾ ഇയാൾക്കുണ്ട്. കാറിലാണ് മുഴുവൻ സമയ സഞ്ചാരം. വീട് ലീസിന് നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്ന് പണം വാങ്ങിയ ശേഷം അവിടെവച്ച് ജോലി വാഗ്ദാനം കൂടി നൽകി പണം തട്ടിയ സംഭവവുമുണ്ട്. പൈപ്പിൻമൂട്ടിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.