08 May 2024 Wednesday

മഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി

ckmnews

മലപ്പുറം: മഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസ്സാമുദ്ധീൻ ( 26 വയസ്സ്) ആണ് പിടിയിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ എട്ടാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വള്ളുമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കൽ വെച്ച് ക്ലാസ്സു കഴിഞ്ഞ് ബസ്സ് കാത്തു നിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയെ അതിവേഗത്തിയിലെത്തി ഇടിച്ചു തെറിപ്പിച്ചിട്ടു നിർത്താതെ പോകുക ആയിരുന്നു.


5 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി മഞ്ചേരി പോലീസിൻ്റെ വലയിലായത്. തലയ്ക്കും, കാലിനും ഗുരുതര പരിക്കുപറ്റിയ വിദ്യാർത്ഥിനിയെ നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു.വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.സംഭവം നടന്ന ദിവസം തന്നെ കേസ്സെടുത്തു നിർത്താതെ പോയ വാഹനത്തെ കുറിച്ച് മഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിൽ നൂറോളം സിസിടിവി ദൃശ്യങ്ങൾ ആണ് പോലീസ് പരിശോധിച്ചത്.


കേരളത്തിൽ രജിസ്ട്രർ ചെയ്ത ഇന്നോവ കാറുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷ രജിസ്ട്രേഷൻ ഇന്നോവ കാറാണ് നിർത്താതെ പോയത് എന്ന് പോലീസിനു മനസ്സിലായത്.ഈ ഇന്നോവയെ പറ്റി ഉള്ള അന്വേഷണം ചെന്നെത്തിയത് പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസ്സാമുദ്ധീനിലും. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം അത്താണിക്കൽ നിന്നും മലപ്പുറം ഭാഗത്തേക്ക് വന്ന് കോട്ടക്കൽ വഴി രക്ഷപ്പെടുകയായിരുന്നു. ആ സമയം വാഹനത്തിൻ്റെ നമ്പർ കിട്ടാത്തതു കൊണ്ടാണ് ഇയാൾക്ക് അന്നേരം രക്ഷപ്പെടുവാൻ സാധിച്ചത്.


പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.ഇന്നോവ കാർ റിപ്പോർട്ടു സഹിതം കോടതിക്ക് കൊടുത്തു.കൂടാതെ പ്രതിയുടെ ലൈസൻസ് റദ്ദു ചെയ്യാനും മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൊടുക്കുമെന്ന് മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു. സി ഐ യെ കൂടാതെ സബ്ബ് ഇൻസ്പെക്ടർ സുജിത്ത് ആർ. പി.പ്രത്യേക അന്വേഷണ സംഘാംഗമായ SCPO അനീഷ് ചാക്കോ, SCPO മാരായ സതീഷ്, കൃഷ്ണദാസ് എന്നിവരാണ് കേസ്സ് അന്വേഷണം നടത്തി പ്രതിയെയും വാഹനത്തെയും കണ്ടെത്തിയത്.