09 May 2024 Thursday

കേരളത്തില്‍ 2,434 മയക്കുമരുന്ന് ഇടപാടുകാർ; കുറവ് കാസർഗോഡ്; കൂടുതൽ കണ്ണൂരിൽ; പട്ടികയുമായി എക്‌സൈസ് വകുപ്പ്

ckmnews

കൊച്ചി: പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍ കണക്കിലെടുത്താണ് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളുള്ള പട്ടിക തയ്യാറാക്കിയത്. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.


412 മയക്കുമരുന്ന് ഇടപാടുകാർ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കു മരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെ നിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.


ഒന്നിലധികം തവണ എന്‍ഡിപിഎസ് കേസുകളില്‍ പിടിയിലാകപ്പെട്ട ആളുകളെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ഇവരെ നിരന്തരം നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരില്‍ നിന്നും ജയില്‍ മോചിതരായവരില്‍ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറും വാങ്ങുംഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


അതേസമയം, സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 2020, 2021 വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. 2021ല്‍ 3,922 ഉം 2020-ല്‍ 3,667 ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022-ല്‍ 6,116 എന്‍ഡിപിഎസ് കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018ലാണ്, 7,573 കേസുകളായിരുന്നു.


2022-ല്‍ എറണാകുളം ജില്ലയില്‍ എന്‍ഡിപിഎസ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 804 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ ഇത് 540 ആയിരുന്നു. എറണാകുളത്ത് എക്‌സൈസ് വകുപ്പിനെ ആശങ്കപ്പെടുത്തുന്നത് എം.ഡി.എം.എ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ദ്ധനവാണ്. കഴിഞ്ഞ വര്‍ഷം 2.31 കിലോ മയക്കുമരുന്നാണ് ഏജന്‍സി ജില്ലയില്‍ നിന്ന് പിടികൂടിയത്.


മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു.