26 April 2024 Friday

പെരിന്തൽമണ്ണ വോട്ട് പെട്ടി കാണാതായ സംഭവം; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

ckmnews

പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്.


എണ്ണാതിരുന്ന 348 സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ പെരിന്തൽമണ്ണ ട്രഷറിയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് പക്ഷെ മൂന്ന് പെട്ടികളിൽ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റർ ഓഫീസിൽ ഈ പെട്ടി കണ്ടെത്തുകയായിരുന്നു.


2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫയാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയ പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവ ഇല്ലാത്തതിന്‍റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകൾ എണ്ണണമെന്ന് എൽ.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു.