26 April 2024 Friday

സാവിക്ക് കീഴില്‍ ബാഴ്സക്ക് ആദ്യ കിരീടം, സൂപ്പര്‍ കപ്പില്‍ റയലിനെ തകര്‍ത്തു

ckmnews

റിയാദ്: പരിശീലകനെന്ന നിലയില്‍ സാവിക്ക് കീഴില്‍ ആദ്യ കിരീടം സ്വന്തമാക്കി ബാഴ്സലോണ. സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ കിരീടം നേടിയത്. സൂപ്പര്‍ താരം ലിയോണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്സ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.

2021ല്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ കോപ ഡെല്‍ റേ നേടിയതാണ് ബാഴ്സയുടെ അവസാന കിരീടം. ഇതിനുശേഷമായിരുന്നു മെസി ബാഴ്സ വിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, യുവതാരങ്ങളായ ഗാവി, പെഡ്രി എന്നിവരുടെ ഗോളുകളിലാണ് ബാഴ്സ റയിലെനിതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. കരിം ബെന്‍സേമയുടെ വകയായിരുന്നു റയലിന്‍റെ ആശ്വാസ ഗോള്‍.

33-ാം മിനിറ്റില്‍ ഗാവിയിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്. ലെവന്‍ഡോവ്സ്കിയുടെ പാസില്‍ നിന്നായിരുന്നു ഗാവിയുടെ ഗോള്‍. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗാവിയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്സ്കി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ ഗാവിയുടെ പാസില്‍ നിന്ന് ബാഴ്സയുടെ ജയം ഉറപ്പിച്ച് പെഡ്രി മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ബെന്‍സേമയിലൂടെ റയലിന്‍റെ ആശ്വാസ ഗോള്‍. 92-ാം മിനിറ്റില്‍ റീ ബൗണ്ടില്‍ നിന്നായിരുന്നു ബെന്‍സേമ സ്കോര്‍ ചെയ്തത്. ലൂക്ക മോഡ്രിച്ചിന് പകരം റോഡ്രിഗോ ആണ് റയലിനായി ഇന്നലെ കളത്തിലിറങ്ങിയത്. കഴിഞ്ഞ ആഴ്ച സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായ റയൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. വിയ്യാറയലായിരുന്നു ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോൽപിച്ചത്. സീസണിൽ റയലിന്‍റെ രണ്ടാം തോൽവിയാണിത്. പിന്നാലെ ബാഴ്സലോണ അത്‍ലറ്റിക്കോ മാഡ്രിഡിനെ എവേ മത്സരത്തില്‍ തോല്‍പ്പിച്ച് ലാ ലിഗ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്‍റ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.