ഫയർഫോഴ്സ് മോക്ക്ഡ്രില്ലിനിടെ അപകടം: പത്തനംതിട്ടയില്‍ നാട്ടുകാരൻ ഒഴുക്കിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ പത്തനംതിട്ട വെണ്ണിക്കുളത്തു ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാൾ വെള്ളത്തിൽ വീണു. പടുതോട് പാലത്തിന് താഴെയാണ് സംഭവം. കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ (34) ആണ് അപകടത്തിൽ പെട്ടത്. ഗുരുതരാവസ്ഥയിലായ ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന മോക്ക് ഡ്രില്ലിനിടെയാണ് അപകടമുണ്ടായത്.
നാലുപേർ വെളളത്തിൽ ചാടി. ഇതിലൊരാളാണ് ഗുരുതരാവസ്ഥയിലായത്. കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെയാണ് അപകടം സംഭവിച്ചത്. ഒഴുക്കില്‍പ്പെട്ട ബിനുവിനെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിരണ വിഭാഗത്തിലാണ് ബിനു ഇപ്പോൾ
പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്