26 April 2024 Friday

പ്രതിദിനം കേരളത്തിൽ നൂറിൽ താഴെ കൊവിഡ് കേസുകൾ; നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

ckmnews

കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്‌സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി

കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാൻഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരിൽ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോഴും ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.


എന്നാൽ പ്രതിദിനം ശരാശരി നൂറിൽ താഴെ കേസുകൾ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. 7000 സാമ്പിളുകൾ പരിശോധിച്ച കഴിഞ്ഞ ദിവസം 90 ഓളം കേസുകളാണ് കൊവിഡ് പോസിറ്റീവായത്. രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കൊവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകൾക്കുള്ള നിർദേശം. ആശുപത്രികളിൽ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കുംതീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർക്കും കൊവിഡ് പരിശോധന നടത്തും.