മണ്ഡലമഹോത്സവകാലം സമാപിക്കുന്നു, ശബരിമല നട ഇന്ന് രാത്രി അടക്കും

ശബരിമല:മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീർത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്.ദേവസ്വം ബോർഡ് പ്രസിഡണ്ട്കെ. അനന്തഗോപന്‍, എഡിജിപി എം.ആർ.അജിത് കുമാർ, ആലപ്പുഴ കലക്ടർ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവർ മണ്ഡലപൂജ നേരത്ത് ശ്രീകോവിലിന് മുന്നിൽ എത്തിയിരുന്നു.മണ്ഡല പൂജ കഴിഞ്ഞ് ഒന്നരയോടെ നടയടച്ചു. വൈകീട്ട് അഞ്ചുമണിക്കേ നട തുറക്കൂ. വൈകുന്നേരം ആറരയ്ക്കുള്ള ദീപാരാധനയിലും അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കിചാർത്തും. രാത്രി പത്തിന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡലമഹോത്സവകാലം കഴിയും. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും ഡിസംബർ 31 മുതലേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ.2023 ജനുവരി 14 ന് ആണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്‍റെ അവസാന ദിനമായ ഇന്ന് 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വൻഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗശേഷം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.മകരവിളക്ക് കാലത്ത് ഇതിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോർഡും വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്.