പാർട്ടിയുടെ താൽപര്യത്തിൽനിന്നു വ്യതിചലിച്ചാൽ സിപിഎമ്മിൽ സ്ഥാനമില്ല: പി. ജയരാജൻ

പാർട്ടിയുടെ താൽപര്യത്തിൽനിന്നു വ്യതിചലിച്ചാൽ സിപിഎമ്മിൽ സ്ഥാനമില്ല: പി. ജയരാജൻ
കാസർകോട് ∙ പാർട്ടിയുടെ താൽപര്യത്തിലും നാടിന്റെ താൽപര്യത്തിലും നിന്നു വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നു പി. ജയരാജൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉയർത്തിയ ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പി.ജയരാജന്റെ പ്രസ്താവന.
‘‘മാധ്യമ വാർത്തകൾ നോക്കിയാൽ സിപിഎമ്മിൽ എന്തോ കുഴപ്പം നടക്കാൻ പോകുകയാണെന്നു തോന്നും. സിപിഎം കോൺഗ്രസിനെയോ മുസ്‌ലിം ലീഗിനെയോ ബിജെപിയെയോ പോലെയല്ല. പാർട്ടിയിലേക്കു വരുന്ന ഓരോ അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുണ്ട്. വ്യക്തിതാൽപര്യം പാർട്ടിയുടെയും സമൂഹത്തിന്റെയും താൽപര്യത്തിനു കീഴ്പെടുത്തണമെന്നാണ് അത്. നാടിന്റെ താൽപര്യത്തിനും പാർട്ടിയുടെ താൽപര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്. സമൂഹത്തിൽ ജീർണതയുണ്ട്. അത് ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ പാർട്ടി ചർച്ച ചെയ്യും. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയാണ്. അതിൽനിന്നു വ്യതിചലിച്ചാൽ തിരുത്താൻ പാർട്ടി ആവശ്യപ്പെടും. തിരുത്താത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നു പ്രഖ്യാപിക്കും. അതാണ് പാർട്ടിയുടെ സവിശേഷത. കമ്യൂണിസ്റ്റു പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയല്ല, ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറും’’ – പി. ജയരാജൻ പറഞ്ഞു.