26 April 2024 Friday

ചെന്നൈയിൽ കോട്ട തകർക്കാനാവാതെ ബ്ലാസ്റ്റേഴ്സ്; കളി സമനില

ckmnews

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയക്കുതിപ്പിന് വിരാമം. ഇന്ന് ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകമായ മറീന അറീനയിൽ നേരിട്ട ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദ് ഗോൾ വല ചലിപ്പിച്ചപ്പോൾ ചെന്നൈയിൻ എഫ്സിക്കായി ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരം വിൻസി ബരെറ്റോ ആണ് ഗോൾ നേടിയത്. ഇതോടെ 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ നാലാമതെത്തി. ഒഡീഷ എഫ്സിക്കും ഇതേ പോയിൻ്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.

ചെന്നൈയിനാണ് ആദ്യ ഘട്ടത്തിൽ മികച്ചുനിന്നത്. വിങ്ങുകളിലൂടെ കുതിച്ചുകയറിയ അവർ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. 12ആം മിനിട്ടിൽ എഡ്വിൻ ഹെൻറി നൽകിയ ഒരു ക്ലിനിക്കൽ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മുതലെടുക്കാൻ വിൻസി ബരെറ്റോയ്ക്ക് സാധിച്ചില്ല. സാവധാനം ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ തുറന്നെടുത്തു. 21ആം മിനിട്ടിൽ അഡ്രിയാൻ ലൂണയുടെ ഒരു തകർപ്പൻ ഫ്രീ കിക്ക് ചെന്നൈയിൻ ഗോളി ദേബ്ജിത് മജുംദാർ പണിപ്പെട്ട് തട്ടിയകറ്റി. 23ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഒരു കൗണ്ടർ അറ്റാക്കിൽ ഇവാൻ കലിയുഷ്നി നൽകിയ കൃത്യതയുള്ള ത്രൂബോൾ അഡ്വാൻസ് ചെയ്ത ഗോളിക്ക് മുകളിലൂടെ ചിപ് ചെയ്ത് സഹൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. വീണ്ടും ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ആദ്യ പകുതി 1-0ന് അവസാനിച്ചു

രണ്ടാം പകുതിയിൽ പ്രശാന്ത് കെപിയ്ക്ക് പകരം റഹീം അലിയെ ഇറക്കിയ ചെന്നൈയിൻ പരിശീലകൻ്റെ നീക്കം ഫലം കണ്ടു. റഹീം അലിയുടെ പവർഫുൾ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്ശുഖൻ ഗിൽ തടുത്തെങ്കിലും റീബൗണ്ടിൽ നിന്ന് ബരെറ്റോ സമനില പിടിച്ചു. ഒരു ഗോൾ വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് പലതവണ ഗോളിനരികെയെത്തിയെങ്കിലും ചെന്നൈയിൻ പ്രതിരോധം പിടിച്ചുനിന്നു. ചെന്നൈയിൻ പൊസിഷൻ ഫുട്ബോൾ കാഴ്ചവച്ചപ്പോൾ ബ്ലാസ്റ്റേഴ്സാണ് കൂടുതൽ ആക്രമണം നടത്തിയത്. ആകെ 6 തവണയാണ് ബ്ലാസ്റ്റേഴ്സ് മറീന അറീനയിൽ ചെന്നൈയിനെ നേരിട്ടത്. ഇതിൽ മൂന്ന് വട്ടം ചെന്നൈയിൻ ജയിച്ചപ്പോൾ ബാക്കി മൂന്ന് കളി സമനില ആയി. ഇതുവരെ അവിടെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.