26 April 2024 Friday

വമ്പൻ അട്ടിമറിയുമായി മൊറോക്കോ. സ്പെയിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്വാർട്ടറിൽ

ckmnews

ദോഹ ∙ ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3–0നാണ് മൊറോക്കോയുടെ വിജയം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ കടക്കുന്നത്. അതേസമയം, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേട് സ്പെയിനിന്റെ പേരിലായി. നാലാം തവണയാണ് സ്പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.

ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് സ്പെയിനിന്റെ എതിരാളികൾ.

ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു. മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടു. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഖത്തറിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഇന്നലെ നടന്ന ക്രൊയേഷ്യ – ജപ്പാൻ പ്രീക്വാർട്ടർ പോരാട്ടത്തിലും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്