26 April 2024 Friday

നിര്‍മാണത്തിലിരിക്കുന്ന തലശേരി - മാഹി ബൈപാസ് പാലത്തിന്റെ ബീമുകള്‍ നിലം പൊത്തി; ആളപായമില്ല

ckmnews

കണ്ണൂർ : കണ്ണൂരില്‍ പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. തലശേരി മാഹി ബൈപാസ് പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ നാലു ബീമുകളാണ് തകര്‍ന്നത്. തലശേരി നീട്ടൂരിനടുത്ത് പുഴക്ക് കുറുകെ ഉള്ള പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്. ആരും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചിറക്കുനിയില്‍ നിന്ന് ബാലത്തിലേക്ക് പോകുന്ന പാലത്തിന്റെ നാലു ബീമുകള്‍ പുഴയിലേക്ക് തകര്‍ന്നു വീണത്. നിര്‍മാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ  ബീമുകളാണ് നെടുകെ പിളര്‍ന്ന് തകര്‍ന്നു വീണത്. പ്രദേശവാസികള്‍ ഉഗ്ര ശബ്ദം കേട്ട് സ്ഥലത്ത് എത്തിയപ്പോഴാണ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ആരും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്നു വീണതില്‍ ഒരു ബീമ് നിര്‍മാണത്തിലിരിക്കുന്നതും മറ്റുള്ളവ പ്രവൃത്തി പൂര്‍ത്തിയായതുമാണ്. ബലക്ഷയമാണ് ബീമുകള്‍ തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. പദ്ദതി കമ്മിഷന്‍ ചെയ്യാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബീമുകള്‍ തകര്‍ന്നു വീണത്. ലോക ബേങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 2019 ഒക്ടോബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. പെരുമ്പാവൂരിലെ ഇ.കെ.കെ കമ്പനിക്കാണ് നിര്‍മാണ ചുമതല. വരും ദിവസങ്ങളില്‍ സംഭവം കൂുതല്‍ വിവാദത്തിലേക്ക് കടക്കാനാണ് സാധ്യത