26 April 2024 Friday

നഗരസഭയിൽ വൻ സംഘർഷം, യുദ്ധക്കളമായി തലസ്ഥാനം

ckmnews

തിരുവനന്തപുരം : കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിൽ. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തർ എംപി അടക്കമുള്ളവർക്ക്  ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് നിർദാക്ഷിണ്യം പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി പ്രവർത്തകരും നേതാക്കളും ആരോപിച്ചു. 


കത്ത് വിവാദത്തിൽ നാലാം ദിവസമാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോൺഗ്രസിന്റെയും പിന്നീട് മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോർച്ച പ്രവർത്തകർ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോർച്ച പ്രവർത്തകരിൽ ചിലർ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. 


ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് സ്ഥലത്ത് പ്രതിഷേധിച്ചത്."കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്നെഴുതിയ പോസ്റ്റർ പതിച്ച പെട്ടിയുമായാണ് ജെബിയെത്തിയത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തറിനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തുണ്ട്. കണ്ണീർ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടതില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.