26 April 2024 Friday

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

ckmnews

കൊച്ചി : അന്യ-സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി.


മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു. 


തമിഴ്‍നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നികുതി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‍കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകൾ. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ ടൂറിസ്റ്റ് ബസ് ഉടമകൾ കേരള ഹൈക്കോടതിയെ സമീപിച്ചത്.