26 April 2024 Friday

എം.വി. ശ്രേയാംസ്‌ കുമാര്‍ രാജ്യസഭയിലേക്ക്‌

ckmnews

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌ കുമാര്‍ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി.

നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.

1967 ഏപ്രില്‍ 15-ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്പറ്റയില്‍ ജനിച്ച ശ്രേയാംസ്‌ കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്. 

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. 'യാത്ര പറയാതെ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. കവിതയാണ് ഭാര്യ. എം.എസ്. മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവരാണ് മക്കള്‍.