26 April 2024 Friday

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു - -അസ്വാഭാവികമായി ഒന്നുമില്ല: കെ.ടി. ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി, - -മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിട്ടു; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

ckmnews

തിരുവനന്തപുരം∙  പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാൽ‌പതിനെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. കേരള കോൺഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്.


പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽ‌ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ്– മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സർക്കാർ പണം ധൂർത്തടിക്കുന്നെന്ന പ്രചാരണം വ്യാജമാണ്. 2016–2019 കാലത്ത് റവന്യൂചെലവ് 11.95 ശതമാനമായി കുറഞ്ഞു. വാഗ്ദാനങ്ങളുടെ പൂർത്തീകരണം വിശദമാക്കി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഉണ്ട്. 600 വാഗ്ദാനങ്ങളിൽ മുപ്പതോളം മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. അവശേഷിച്ച വാഗ്ദാനങ്ങൾ കാലാവധി പൂർത്തിയാകും മുൻപ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ടി. ജലീലിന് പിന്തുണ

മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. യുഎഇ കോൺസുലേറ്റ് കെ.ടി. ജലീലുമായി ഇടപെട്ടതിൽ അസ്വാഭാവികമായി ഒന്നുമില്ല. ജലീൽ അങ്ങോട്ടല്ല, കോൺസുലേറ്റ് ജനറൽ ജലീലിനെ വിളിച്ചാണു സംസാരിച്ചത്. ഭക്ഷണകിറ്റുകളും ഖുർആൻ പായ്ക്കറ്റുകളും കോൺസുലേറ്റ് ജനറൽ ഉണ്ടെന്ന് അറിയിച്ചു. നയതന്ത്ര കാര്യങ്ങൾ സംസാരിക്കുകയോ, സംഭാവനകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ജലീലിനെ വിളിച്ചത് അദ്ദേഹം ന്യൂനപക്ഷ– വഖഫ് കാര്യ മന്ത്രിയായതുകൊണ്ടാണ്.

യുഎഇ കോൺസുലേറ്റുകൾ ലോകമെമ്പാടും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്ത ജലീലിന്റെ നിലപാട് വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ ഭാഗമായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയാന്‍ വൈകുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നത്. 

മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലെന്നാണാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയെ പേടിച്ചാണ് സ്പീക്കര്‍ സമയം നീട്ടി നല്‍കുകയും പ്രസംഗത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതെന്നും പ്രതിപഷ എംഎല്‍എമാര്‍ ആരോപിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ സംസാരിക്കുമ്പോള്‍ ഇടപെടാറില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയിലേക്ക് കടന്നത്. വൈകീട്ട് 5.25 ഓടെയാണ് മുഖ്യമന്ത്രി അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗം ആരഭിച്ചത്. 

സര്‍ക്കാരിന്റെ 600 വാഗ്ദ്ധാനങ്ങളില്‍ ഇനി 30 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാനുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി കെ.ടി. ജലീലിനെയും പിന്തുണച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും കോണ്‍ഗ്രസിന് സംഘടനാപരമായി ശോഷിപ്പുണ്ടായെന്നും പരിഹസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.

135 വയസ് തികയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മീതേ മേല്‍ക്കൂര നിലംപൊത്തിയ നിലയിലാണ്. ഇത്രയും വെല്ലുവിളി രാജ്യം നേരിടുന്ന ഘട്ടത്തിലാണ് സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത്. ദയനീയ അവസ്ഥയാണ്. അതിന്റെ പേരില്‍ തമ്മിലടിക്കുന്നുവെന്നും പിണറായി പറഞ്ഞു