26 April 2024 Friday

‘താമരാക്ഷൻ പിള്ള’യായി കെഎസ്ആർടിസി ബസ്; കല്യാണ യാത്ര വിവാദമായി

ckmnews

നിയമം ലംഘിച്ചെന്ന ആരോപണം നേരിട്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽനിന്ന് അടിമാലിയിലേക്ക് പോയ ബസിലാണ് പറക്കുതളികയെന്ന സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച് അലങ്കാരം നടത്തിയത്. സംഭവം വിവാദമായതോടെ കല്യാണം കഴിഞ്ഞുള്ള മടക്കുയാത്രയിൽ അലങ്കാരങ്ങൾ അഴിച്ചു മാറ്റി.


ഓലയും  മരക്കൊമ്പുമൊക്കെ വച്ചാണ്‌ അലങ്കാരം. എവിടെയോ കണ്ട് മറന്നതുപോലെ ഒരു പറക്കുംതളിക. ഈ പറക്കും തളിക സിനിമയിലെ ഉണ്ണികൃഷ്ണനും താമരാക്ഷൻ പിള്ളയുമൊക്കെ ഡബിൾ ബെല്ലടിച്ച് സ്റ്റാൻഡ് വിട്ടിട്ട് രണ്ട് പതിറ്റാണ്ടായിട്ടും സർക്കാർ സംവിധാനത്തിലെ കെ.എസ്‌.ആർ.ടി.സിക്ക് നേരം വെളുത്തിട്ടില്ല. കല്യാണത്തിനായി വാടകയ്ക്ക് എടുത്തപ്പോൾ കെ.എസ്. ആർ.ടി.സി നിയമം മറന്നു. 


നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ സർക്കാർതന്നെ നിയമലംഘകരാകുന്നുവെന്ന ആരോപണവുമായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വലിയ വാദമായതോടെ അലങ്കാരമൊക്കെ അഴിച്ചുമാറ്റി ബസ് സ്റ്റാൻഡ് പിടിച്ചു. എന്നാൽ അലങ്കാര പണി നടത്താൻ ആർക്കും അനുമതി നൽകിയിരുന്നില്ലെന്നാണ് സ്റ്റേഷൻ ചെക്കിങ് ഇൻസ്പെക്ടറുടെ വിശദീകരണം.