26 April 2024 Friday

മൊബൈൽ നമ്പർ ഉൾപ്പെടുത്തി വാഹന രജിസ്‌ട്രേഷന്‍ സുഗമമാക്കാൻ 'പരിവാഹൻ '

ckmnews

മൊബൈൽ നമ്പർ ഉൾപ്പെടുത്തി വാഹന രജിസ്‌ട്രേഷന്‍ സുഗമമാക്കാൻ 'പരിവാഹൻ '

വാഹന ഉടമകള്‍ക്കും അവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ അവസരമൊരുങ്ങി. വാഹന ഉടമകള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ 'പരിവാഹന്‍' എന്ന വെബ്‌സൈറ്റില്‍നിന്ന് വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാം.ഇടനിലക്കാരെ ഒഴിവാക്കുന്ന ഓണ്‍ലൈന്‍ സംവിധാനമായ പരിവാഹന്റെ സേവനം പൂര്‍ണതോതില്‍ ലഭിക്കണമെങ്കില്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്. ഇതിനുള്ള അവസരമാണിത്. ഓരോ വാഹനത്തിനും പരിവാഹനില്‍ പ്രത്യേക ഓണ്‍ലൈന്‍ അക്കൗണ്ടാണുള്ളത്.ഇടപാടുകളുടെ ആധികാരികത ഉറപ്പിക്കാനാണ് ഉടമയുടെ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ക്കുന്നത്. ഓരോ ഇടപാടിനും ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. ഇതുപയോഗിച്ചാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തീകരിക്കാനാകൂ. 2019 ഏപ്രില്‍ ഒന്നിനു മുന്‍പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കാണ് മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരുന്നത്. 


ഒരിക്കല്‍ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഇടപാടുകള്‍ക്കെല്ലാം ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. ഉടമസ്ഥാവകാശം കൈമാറുമ്പോള്‍ പുതിയ ഉടമയുടെ ഫോണ്‍ നമ്പര്‍ ഈ സ്ഥാനത്തേക്കെത്തും. മോട്ടോര്‍വാഹന വകുപ്പ് ഉപയോഗിച്ചു വന്നിരുന്ന 'സ്മാര്‍ട്ട് മൂവ്' എന്ന സോഫ്റ്റ്‌വേറില്‍നിന്നുള്ള വിവരങ്ങളാണ് 'വാഹനി'ലേക്കു മാറ്റിയത്. ഡേറ്റ കൈമാറ്റം ചെയ്തപ്പോള്‍ ചില മേഖലകളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇവ പരിശോധിക്കാനുള്ള അവസരമാണ് ജില്ലയിലെ വാഹന ഉടമകള്‍ക്കു നല്‍കിയിട്ടുള്ളത്. വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഓഫീസില്‍ അറിയിച്ച് തിരുത്താനാകും. രണ്ടു ലക്ഷം വാഹനങ്ങളില്‍ മാത്രമേ ഉടമകളുടെ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. ശേഷിക്കുന്നവര്‍ക്കു കൂടി ഇവ നല്‍കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണുകളിലൂടെയും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനാകും.മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാന്‍https://parivahan.gov.in/ എന്ന വെബ്‌സൈറ്റില്‍  വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ റിലേറ്റഡ് സർവീസ്  തിരഞ്ഞെടുക്കുക. ശേഷം അദർ സ്റ്റേറ്റ് എന്ന് തിരഞ്ഞെടുക്കുക ,ഇവിടെ വാഹന നമ്പര്‍ നല്‍കണം. ഉടമസ്ഥന്റെ പേര്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓഫീസ് എന്നിവ തെളിയും. പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ വിവിധ തരത്തിലുള്ള സേവനങ്ങളുടെ വിവരങ്ങള്‍ തെളിയും. ഇതില്‍നിന്ന് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍, ചേസിസ്, എന്‍ജിന്‍ നമ്പരുകള്‍ നിര്‍ബന്ധമാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളുള്ള പേജ് തുറക്കും. മേല്‍വിലാസം ഉള്‍പ്പെടെ പരിശോധിക്കാം. മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് എസ്.എം.എസായി ലഭിക്കും. ഇത് ഉള്‍ക്കൊള്ളിച്ചു പൂര്‍ത്തീകരിക്കാം.