27 April 2024 Saturday

സ്‌കൂൾ വിനോദയാത്ര വർഷത്തിൽ മൂന്ന് ദിവസം മാത്രം; രാത്രി യാത്ര പാടില്ല; പുതിയ മാനദണ്ഡങ്ങൾ ഇങ്ങനെ

ckmnews



സ്‌കൂളിൽ നിന്ന് വിനോദ യാത്രകൾ പോകുന്നതിന് വേണ്ടി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിർദേശപ്രകാരം വർഷത്തിൽ മൂന്ന് ദിവസം മാത്രമേ സ്‌കൂളിൽ നിന്ന് വിനോദ യാത്ര നടത്താനാകൂ.സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ ഇത് നടത്താവൂ.യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.


രാത്രി പത്ത് മണിക്ക് ശേഷവും രാവിലെ അഞ്ച് മണിക്ക് മുൻപും യാത്ര നടത്താൻ പാടില്ല. ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ വിനോദ യാത്രയ്‌ക്ക് ഉപയോഗിക്കാവൂ. നിയമവിരുദ്ധമായ ലൈറ്റും ശബ്ദ സംവിധാനങ്ങളുമുളള വാഹനങ്ങളിൽ യാത്ര പാടില്ല. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും നിർദേശത്തിലുണ്ട്.