26 April 2024 Friday

നെപ്പോളിയന്‍' വിട്ടുകിട്ടാന്‍ രൂപമാറ്റം നീക്കിയേപറ്റു; ഇ ബുള്‍ ജെറ്റിന് ഹൈക്കോടതിയിലും തിരിച്ചടി

ckmnews



കൊച്ചി: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ വ്‌ലോഗര്‍ എബിന്‍ വര്‍ഗീസിന്റെയും ലിബിന്‍ വര്‍ഗീസിന്റെയും വാഹനം വിട്ടുകൊടുക്കണമെങ്കില്‍ രൂപമാറ്റം നീക്കണമെന്ന തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് വ്‌ലോഗര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ രൂപമാറ്റം നീക്കിയാലേ വിട്ടുനല്‍കാനാകൂ എന്ന ഉപാധിയാണ് നേരത്തെ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി ഇരുവരും ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' എന്ന് പേരിട്ട കാരവാനാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നത്. കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ അപാകമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. രൂപമാറ്റങ്ങള്‍ നീക്കാന്‍ വാഹനം ലോറിയിലോ മറ്റോ വര്‍ക്ഷോപ്പിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം വാഹനത്തിലെ മാറ്റങ്ങള്‍ നീക്കം ചെയ്യേണ്ടത്. ഇതിനായി നവംബര്‍ 30 വരെ സമയവും അനുവദിച്ചു.