26 April 2024 Friday

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി അക്രമം, നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു

ckmnews

ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമ സംഭവങ്ങള്‍ അറങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കൊല്ലത്ത് ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റൈഡിന് പിന്നാലെ 45 ഓളം നേതാക്കളെ വിവിധ സംസ്ഥനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ.