26 April 2024 Friday

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച : അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

ckmnews




മലപ്പുറം: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേർ പിടിയിലായി. 45 പവനും 30,000 രൂപയും 15,000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യു.എ.ഇ. ദിര്‍ഹവും കവര്‍ച്ച ചെയ്ത കേസിലാണ് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍ സ്വദേശി പ്രിയാസദനത്തില്‍ പ്രവീണ്‍ (40), ആലുവ നൊച്ചിയ സ്വദേശി കുറ്റിനാംകുടി സലീം എന്നിവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്‌. സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. എം.സന്തോഷ് കുമാര്‍, കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തതത്. പിടിയിലായവർ നിരവധി കവര്‍ച്ചാകേസുകളിലെ പ്രതികളാണ്.


കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാം തീയതി വൈകിട്ട് ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ വീട്ടുകാര്‍

തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്‌. കൊളത്തൂര്‍ പോലീസില്‍ വിവരമറിയിക്കുകയും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ. സുനില്‍ പുളിക്കല്‍, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലും കാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊപ്ര ബിജു, കടക്കല്‍ പ്രവീണ്‍, സലീം എന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി തിരുവനന്തപുരം, കണ്ണൂര്‍, ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തി. സലീമിനെ ആലുവ ടൗണില്‍നിന്നും കൊപ്ര ബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്ലാറ്റില്‍ നിന്നും പ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിൽ നിന്നാണ് അങ്കമാലി, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, കൊപ്പം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.