27 April 2024 Saturday

മലപ്പുറം എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ്പിയും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. 

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് അബ്ദുള്‍ കരീമാണ് നേതൃത്വം നല്‍കിയിരുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്പി ഓഫീസിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും നിരീക്ഷണത്തിലാണ്. 

മലപ്പുറത്ത് ഇന്ന് 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ് പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹവും പോയിരുന്നു. എസ്പിയുടെ ഗൺ മാനും നിരീക്ഷണത്തിലാണ്. മലപ്പുറം എസ്പി യു. അബ്ദുൾ കരീമിന് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്. അതേ സമയം കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ്.