26 April 2024 Friday

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് ലക്ഷങ്ങൾ മുക്കിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി പിടിയിൽ

ckmnews

മലപ്പുറം: റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കോഴിക്കോട് ഓമശ്ശേരി സ്വദേശി കുറുവാൻ പറമ്പിൽ നൗഷാദലി ഖാൻ (40)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് ടൗണിൽ 'ഹൈൻ' ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ജോലി നൽകാമെന്നും വിസ നൽകാമെന്നും പറഞ്ഞ് അഞ്ച് പേരിൽ നിന്നായി 5.5 ലക്ഷം രൂപ തട്ടിയെടുത്തന്നാണ് കേസ്.


തട്ടിപ്പിനിരയായവർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് നൗഷാദലി ഖാൻ ഒളിവിലായിരുന്നു. പിന്നീട് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എടവണ്ണ മുണ്ടേങ്ങര വെച്ചാണ് നൗഷാദലി ഖാൻ അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പാണ്ടിക്കാട് കക്കുളം സ്വദേശി അഹമ്മദ് മുഹഹ്‌യുദ്ധീൻ ആഷിഫ് നേരത്തെ അറസ്റ്റിലായിരുന്നു. പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ റഫീഖിന്റെ നിർദേശപ്രകാരം എസ്‌ഐ സുനീഷ് കുമാറും സംഘവുമാണ് നൗഷാദലി ഖാനെ അറസ്റ്റ് ചെയ്തത്.