26 April 2024 Friday

ദേശീയ പാതയിലെ മരം മുറി:പക്ഷികൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ

ckmnews

ദേശീയ പാതയിലെ മരം മുറി:പക്ഷികൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ


മ‍ഞ്ചേരി ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വി.െക.പടിയിൽ മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ അറസ്റ്റിലായ 3 പേർ റിമാൻഡിൽ. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക്, (22), തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ സ്വദേശി എൻ.മുത്തുകുമാരൻ (39) എന്നിവരെയാണ് 17 വരെ ഫോറസ്റ്റ് മജിസ്ട്രേട്ട് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചത്ത പക്ഷികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവ സംസ്കരിക്കാൻ എടവണ്ണ റേഞ്ച് ഓഫിസറോട് കോടതി നിർദേശിച്ചു.


കേസിൽ ഒളിവിൽ പോയ റോഡ് പണി എൻജിനീയർ തെലങ്കാന വാറങ്കൽ പട്ടായ്പക സ്വദേശി നാഗരാജുവിനായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ വനം ഓഫിസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.അതേസമയം ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തേ രണ്ടത്താണിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെയും വിഡിയോ പുറത്തുവന്നു. ഈ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ഇതുവരെ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.