26 April 2024 Friday

ശക്തമായ മഴ: ട്രെയിനുകൾക്ക് നിയന്ത്രണം, യാത്രക്കാർക്കായി കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി

ckmnews

കൊച്ചി: എറണാകുളത്ത് പെയ്ത ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സി​ഗ്നൽ തകരാർ ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.കണ്ണൂർ എക്സിക്യൂട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു.

16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു.

കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.

കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ വഴി തിരിച്ചുവിട്ട 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 - സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന, 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.

അതേസമയം, സി​ഗ്നൽ തകരാർ മൂലം ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. രംഗത്തെത്തി. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ കൂടുതൽ സർവ്വീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തി, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സർവീസ് നടത്തും. കൂടാതെ, നിലവിൽ സർവീസ് നടത്തിവരുന്ന തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ ഓരോ മണിക്കൂർ ഇടവേളകളിൽ എത്രയും വേ​ഗം യാത്രക്കാർക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.പുഷ്ബാക്ക് സീറ്റോട് കൂടിയ, ഇരുന്ന് യാത്രചെയ്യാനാവുന്ന ഈ സർവ്വീസുകളിൽ വേ​ഗത്തിൽ എത്തിച്ചേരാനാകും. കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളും ഏർപ്പെടുത്തുമെന്നും സി.എം.ഡി. അറിയിച്ചു. യാത്രക്കാർക്കായി 'ente KSRTC' ആപ്പിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.