10 May 2024 Friday

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറത്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ

ckmnews

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറം ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ധാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുന്നത്. നിലവിലുളള കണക്ക് പ്രകരം 34,106 പേർക്ക് ജില്ലയിൽ പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല.ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് മലപ്പുറം ജില്ലയിൽ അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെൻറിലായി അനുവദിച്ചത് 45,997 മെറിറ്റ് സീറ്റുകൾ. ഇതിൽ 45,994 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായി. മൂന്ന് സീറ്റുകൾ സംവരണ വിഭാഗത്തിനായി നീക്കിവെച്ചവയാണ്. മാനേജ്മെൻറ് ക്വോട്ടയും കമ്മ്യൂണിറ്റിയും ക്വോട്ടയും പരിഗണിച്ചാലും നിരവധി പേർക്ക് അവസരം നഷ്ടമാകും. ഇതോടൊപ്പം 69 അൺ എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാൽ ജില്ലയിൽ പ്ലസ് വൺ പ്രവേശത്തിനുളള മൊത്തം സീറ്റുകളുടെ എണ്ണം 65,000 ത്തോളമേ ആകൂ. നിലവിലുളള അപേക്ഷകരുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ 15,000 ത്തോളം പേർക്ക് പ്ലസ് വൺ പ്രവേശനത്തിന് ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും. വി.എച്ച്.എസ്.ഇ യിലെ 2,790, ഐ.ടി.ഐ 1,124, പോളിടെക്നിക് – 1,360 ഉം ഉൾപ്പെടെ 5 ,274 സീറ്റുകൾ കൂടി പരിഗണിച്ചാലും നിരവധി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ലെന്നുമാണ് കണക്കുകൾ. സപ്ലിമെൻറി അലോട്ട്മെൻറാണ് ഇനിയും കാത്തിരിക്കുന്നവരിൽ കുറച്ച് വിദ്യാർത്ഥികളുടെയെങ്കിലും ഏക പ്രതീക്ഷ