27 April 2024 Saturday

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നു; മലമ്പുഴ ഡാം നാളെ രാവിലെ 9 മണിക്ക് തുറക്കും ,മുല്ലപ്പെരിയാർ ഡാമും നാളെ തുറക്കും

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടു മഴ ശക്തമാകുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്നു പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറിന് 112.06 മീറ്ററാണ് ജലനിരപ്പ്. ഇത് റൂള്‍ കര്‍വ് ലെവല്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ രാവിലെ ഒമ്പതിന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഇതുമൂലം പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. 

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് പരമാവധി കുറച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.


മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താൽ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്നും മുൻ കാലങ്ങളിലെ പോലെ രാത്രിയിൽ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടു.അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഏതാനും ഡാമുകളുടെ ഷട്ടറുകൾ തുറന്നേക്കും. ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. പൊന്മുടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ട്.