09 May 2024 Thursday

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം നീട്ടി

ckmnews

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം നീട്ടി 


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയം നീട്ടി വിദ്യാഭ്യാസ വകുപ്പ്. ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നടപടി. ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ സമയം നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയമാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തിരുത്തലിന് സമയം നീട്ടി നല്‍കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. പോര്‍ട്ടലിന്റെ നാലു സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍പേര്‍ പ്രവേശിച്ചതിനാലാണ് തടസ്സം നേരിട്ടതെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.ശനിയാഴ്ച 11.50 വരെ 1,76, 076 പേര്‍ അലോട്ട്മെന്റ് പരിശോധിച്ച് 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയോ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുമുണ്ട്.