09 May 2024 Thursday

വൈകീട്ട് ഇടിയോടുകൂടിയ മഴ: മണ്‍സൂണില്‍ അസാധാരണ മാറ്റം

ckmnews

വൈകീട്ട് ഇടിയോടുകൂടിയ മഴ: മണ്‍സൂണില്‍ അസാധാരണ മാറ്റം


കോട്ടയം: മൺസൂൺ മഴയ്ക്കിടെ വൈകുന്നേരം അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് കാരണം. രാവിലെ ആകാശം തെളിയുകയും വെയിൽ കിട്ടുകയും ചെയ്യുന്ന ദിനങ്ങളിലാണ് വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്. തുലാമഴക്കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉള്ളത്.


രാവിലത്തെ ശക്തമായ വെയിലിൽ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈർപ്പം അതിശക്തമായി നീരാവിയായി ഉയരുകയുംചെയ്യും. രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ നീരാവിയുടെ രൂപവത്കരണവും ശക്തമാകും. ഇത് അന്തരീക്ഷത്തിൽ തുടർച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി കൂമ്പാരരൂപത്തിൽ വരും. വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്യും. ഈ മേഘങ്ങളിൽ വൈദ്യുതി ചാർജും രൂപപ്പെടുന്നതാണ് ശക്തമായ ഇടിക്ക് കാരണമാകുന്നത്.


മൺസൂൺ ഇതര സാഹചര്യങ്ങളിലും ന്യൂനമർദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങൾ രൂപപ്പെടാറുണ്ട്. ഇതാണ് സമീപകാലത്ത് വെള്ളപ്പൊക്കങ്ങൾക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമായത്. എന്നാൽ, മൺസൂൺ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണം. മൺസൂൺ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇടയ്ക്ക് മഴ കുറയാൻ ഇടയാക്കുന്നത്.



മൺസൂണിൽ ഇടയ്ക്ക് തെളിച്ചവും വൈകീട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണത കൂടിവരുന്നതായി കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ഡോ.എം.ജി.മനോജ് പറഞ്ഞു. മൺസൂൺ കാറ്റിന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ ഈ മാറ്റങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.