09 May 2024 Thursday

കറി പൗഡറുകളിലെ മായം ചേര്‍ക്കൽ: പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി

ckmnews

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുന്നതാണ്. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


കറി പൗഡറുകളിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണ്.