09 May 2024 Thursday

വരുന്നു സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവ്വീസ് 'കേരള സവാരി'; ചിങ്ങം 1 ന് തലസ്ഥാന ന​ഗരിയിൽ തുടക്കം

ckmnews

‌തിരുവനന്തപുരം: തൊഴിൽ വകുപ്പ്  ഓൺ ലൈൻ ടാക്സി രംഗത്തേക്കും കടക്കുകയാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ്  നിഷ്‌കർഷിച്ച സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ  പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട്  കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ  ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ചിങ്ങം ഒന്നിന് സർക്കാരിന്റെ  ഓണ സമ്മാനമായി കേരള സവാരി നമ്മുടെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന് )ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും.